ആണവ കരാറിനെക്കുറിച്ച് - കണ്ണൂസിന്‍റെ ബ്ലോഗിലിടാന്‍ തയാറാക്കിയ കുറിപ്പ്
(കണ്ണൂസിന്‍റെ ബ്ലോഗില്‍ ഇടാന്‍ വേണ്ടി ഒരു കുറിപ്പ് ഉണ്ടാക്കിയതായിരുന്നു. നോക്കുമ്പോള്‍ അവിടെ കമ്മന്‍റ് ഡിസേബിള്‍ഡ്. അതിനാല്‍ പൂര്‍ണ്ണമായി ഇവിടെ പൂശുന്നു.)
ആണവക്കരാറോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളിലായാണ് ശ്രദ്ധയില്‍പെട്ടത്. ചിലയിടങ്ങളില്‍ അഭിപ്രായങ്ങള്‍ എഴുതിയതിനുശേഷമാണ് മറ്റുപല ചര്‍ച്ചകളും കാണുന്നത്. പൊതുവെ ചര്‍ച്ചകളില്‍ പലയിടങ്ങളിലായി കാണപ്പെട്ട 'ഇടതുപക്ഷം' എന്ന പക്ഷത്തിന്‍റെ നിലപാടുകളോടുള്ള അസഹിഷ്ണുതയും under reading ഉം വസ്തുതകളുടെ ശരിയായ മനസിലാകല്‍ ഇല്ലാത്തത് മൂലമാണോ എന്ന സംശയത്തില്‍നിന്നാണ് ഈ കുറിപ്പ്.
മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ നിബദ്ധമാകണമെന്ന് നിര്‍ബന്ധമില്ലാത്ത സോഷ്യലിസ്റ്റ് വീക്ഷണമുള്ള പല ചിന്താധാരകളുടെയും ഒരു സമന്വയത്തെയാണ് പൊതുവെ ഇന്നത്തെ കാഴ്ച്ചപ്പാടില്‍ ഇടത് എന്നു വിശേഷിപ്പിക്കുന്നത്. യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും നിലവിലുള്ള ലെഫ്റ്റ്-ആള്‍ട്ടര്‍നേറ്റീവ്സ്, ഗ്രീന്‍സ്, ആള്‍ട്ടര്‍നേറ്റീവ്സ് തുടങ്ങിയവര്‍ പൊതുവെ ഈവിഭാഗത്തില്‍ പെടുന്നവരാണ്. ഇടതരൊ വലതരൊ അല്ലെന്ന് അവകാശപ്പെടുന്ന ഇവര്‍ പൊതുവെ ക്ലാസിക്കല്‍ സോഷ്യലിസ്റ്റിന്‍റെ ഇടങ്ങള്‍തന്നെ കയ്യേറുന്നത്കൊണ്ട് നവ-ഇടത് ആയിതന്നെ ഇവരെ കണക്കാക്കാം. യൂറോപ്പിലെ കോര്‍പ്പറേറ്റ് വെല്‍-ഫെയര്‍ സ്റ്റേറ്റുകളില്‍ നിലനിന്ന വളരെ ദൃഢമായി അധികാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച നയരൂപീകരണ പ്രക്രിയകള്‍ നിലവിലുള്ള ക്ലാസിക്കല്‍ സോഷ്യലിസ്റ്റ് സര്‍ക്കാരുകളോടുള്ള കലഹമായാണ് ഇവയുടെ ഉത്ഭവം. പലനിലപാടുകളിലും ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് സോഷ്യലിസ്റ്റുകള്‍ക്ക് ഇവരുമായുള്ള അഭിപ്രായ ഐക്യം ഒരുമിച്ചുപ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ലോകവ്യാപകമായിതന്നെ നിലനിര്‍ത്തുക്കുകയും സംഭവിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സാഹചര്യം എടുത്തു പരിശോധിക്കുകയാണെങ്കില്‍ (വ്യക്തിപരമായ കാലബദ്ധനങ്ങള്‍ ഉദാഹരണങ്ങളുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചിരിക്കാം. എങ്കിലും എന്‍റെ ഓര്‍മ്മയിലെ ആദ്യ ഉദാഹരണം ഇതുതന്നെ) GATT കരാറിനും ഉദാരവത്കൃത ഗ്ലൊബലൈസേഷനും ഇന്ത്യയിലെ ക്ലാസിക്കല്‍ ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഇവരുടെ എതിര്‍പ്പ് എന്നത് യധാര്‍ത്ഥത്തില്‍ IIM Ahammadabad ല്‍ നടന്ന ഒരു ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇത്തരം ഒരു എതിപ്പ് മാര്‍ക്സിസ്റ്റ് അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണ്‍നിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല. കാരണം, വസ്തുതകളുടെ ശാസ്ത്രീയ അപഗ്രധനം മാര്‍ക്സിസത്തിന്‍റെ ഒരു സുപ്രധാന ടൂള്‍ ആണ്. മതം തുടങ്ങിയ വിവാദ വിഷയങ്ങളിലെല്ലാം തന്നെ വ്യത്യസ്തമായ നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എടുക്കേണ്ടിവരുന്നത് അതിനാല്‍തന്നെയാണ്. ഗ്ലോബലൈസേഷന്‍ എതിര്‍ത്തിരുന്ന മറ്റ് ഇടത് ഗ്രൂപ്പുകള്‍ ധാരാളമുണ്ടായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ എതിപ്പില്‍നിന്ന് പിന്‍വാങ്ങലുകള്‍ നടത്തുമ്പോള്‍തന്നെ ഈ നവ ഇടത് എന്ന് വിളിക്കാവുന്നവര്‍ അവരുടെ എതിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പി. സായിനാഥിന്‍റെയും വന്ദന ശിവയുടെയും കേട്ടിരിക്കേണ്ട പ്രഭാഷണങ്ങള്‍ ഇവിടെ.
1.
P. Sainath: Globalizing Inequality2.
The New Food Wars: Globalization GMOs and Biofuelsഅന്നത്തെ പഠനങ്ങള്‍ സൂചിപ്പിച്ചപോലുള്ള ദുരന്തങ്ങള്‍ ഗ്ലോബലൈസേഷന്‍ വഴി ഇന്ത്യന്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്‍വാങ്ങല്‍ ശ്രമങ്ങളെ തെറ്റേറ്റ് പറച്ചില്‍ എന്നു പറയുന്നതിനേക്കാള്‍ നല്ലത് തിരിച്ചറിഞ്ഞ ശരിയില്‍നിന്നുള്ള പിന്‍വാങ്ങല്‍ എന്നു പറയുന്നതായിരിക്കും.
ഇത്തരത്തിലുള്ള കൂട്ടായ മുന്നേറ്റങ്ങള്‍ളില്‍നിന്നുള്ള പിന്‍വാങ്ങലുകള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ച് CPI(M) പലകാലഘട്ടത്തിലായി പല വിഷയങ്ങളിലായി എടുത്തിട്ടുണ്ട്. അവരുടെ സ്വന്തം തീരുമാനങ്ങളായി നടത്തപ്പെട്ട പ്രതിഷേധങ്ങളേക്കാള്‍ ശരിയായിരുന്നവ ഇത്തരത്തില്‍ അവരുടെ നേതൃത്വത്തില്‍ കൂട്ടായി നടത്തപ്പെട്ട പ്രക്ഷോഭങ്ങളാണ്. അവയില്‍നിന്നുള്ള പിന്‍വാങ്ങലുകള്‍ സാമൂഹിക ദുരന്തങ്ങളായിവേണം കണക്കാക്കപ്പെടാന്‍. മേധാ പാട്കറോടുള്ള സമീപന മാറ്റം കര്‍ഷകരുടെ ഭൂമിയിന്മേലുള്ള അവകാശത്തെ അംഗീകരിക്കുന്ന നയത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ തുടങ്ങിയവ ഇത്തരത്തില്‍ എണ്ണാവുന്നവയാണ്. ഏതൊ കമന്‍റില്‍ വായിച്ചത് പോലെ 10 വര്‍ഴങ്ങള്‍ക്ക് ശേഷം ആണവക്കരാറിലുള്ള ഇന്നത്തെ അഭിപ്രായം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തിരുത്തിയാല്‍ അത്ഭുതമൊന്നുമില്ല. പക്ഷെ അതാണ് ശരിയായ നിലപാട് എന്നു വിശ്വസിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്.
ഇത്തരത്തിലുള്ള ഒരു ക്ലാസിഫിക്കേഷനെ അശാസ്ത്രീയമായി തോന്നുന്നവരും അംഗീകരിക്കാത്തവരുമുണ്ടാകാം. പക്ഷേ, അവര്‍ക്ക് ഇത്തരത്തിലിള്ള ' സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍' ഏകദിശാത്മകമായ സ്റ്റേറ്റ് തീരുമാനങ്ങളോട് ലോകവ്യാപകമായിത്തന്നെ കലഹിക്കുന്നുവെന്നും അത്തരത്തിലുള്ള പരിസ്ഥിതി-സാമൂഹിക സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അവരുമായൊക്കെത്തന്നെ ഇടത് പാര്‍ട്ടികള്‍ പ്രസ്തുത വിഷയങ്ങളില്‍ സഹകരിച്ചിരുന്നുവെന്നും സമ്മതിക്കാന്‍ ബുദ്ധിമുട്ടില്ലയെന്ന് കരുതുന്നു. ഇത്തരം ആശയങ്ങളെ അംഗീകരിക്കുന്നവര്‍ ഒരു പരിധിവരെയെങ്കിലും തങ്ങളുടെ രാഷ്ര്ടീയ പ്രതിരൂപമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ധരിക്കുകയോ/തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുണ്ട്. അതില്‍നിന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്‍വലിയുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് അത്ര ഇടതരല്ല ഇടതുപാര്‍ട്ടികള്‍ എന്ന അഭിപ്രായം ഉണ്ടാകുന്നത്.
ഡോ. എ. ഗോപാലകൃഷ്ണന്‍റെ ഊര്‍ജ്ജ സുരക്ഷയെ കുറിച്ചുള്ള ഒരു പ്രഭാഷണത്തെക്കുറിച്ച് മുന്‍പൊരിടത്ത് പറഞ്ഞത് ഇവിടെ വീണ്ടും കൊടുക്കുന്നു.
ഭാഗം-1ഭാഗം-2ഭാഗം-3വര്‍ധിത ഉപഭോഗത്തില്‍പോലും 50 മുതല്‍ 75 വര്‍ഷം വരെ ഉപയോഗിക്കവുന്ന കല്‍ക്കരി നിക്ഷേപം നമുക്കുണ്ട് എന്നദ്ദേഹം വിശദീകരിക്കുന്നു. ഈ ഉപഭോഗത്തെ ശരിയായരീതിയില്‍ നടത്തുന്നതിന് കൂടുതല്‍ സാങ്കേതികമേന്മയുള്ള ദ്രവരൂപത്തിലേക്കു മാറ്റുന്ന സാങ്കേതികവിദ്യ 25ഓളം വര്‍ഷത്തെ ഗവേഷണത്തില്‍ BHEL ഉം NTPC യും വികസിപ്പിച്ചെടുത്ത്, പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ചോദിച്ചപ്പോള്‍ നോക്കട്ടെ എന്ന് പ്രധാനമന്ത്രി. ഒരുവര്‍ഷമായി ഇതുവരെ നോക്കികഴിഞ്ഞിട്ടില്ല. പക്ഷേ, 2005 ലെ ഇന്തോ-യു.എസ്. അബ്രല്ലാ എഗ്രിമെന്‍റിന്‍റെ ഭാഗമായി, അമേരിക്കയില്‍ നടക്കാന്‍ പോകുന്ന(!) കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് യാതൊരുതരത്തിലും ലാഭകരമല്ലാത്ത ഇതേ വിഷയത്തിലുള്ള ഗവേഷണത്തിന് കോടിക്കണക്കിന് ഡോളര്‍ മുടക്കാന്‍ ശ്രീ മന്‍മോഹന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ 1991ല്‍ മന്‍മേഹന്‍റെ ആദ്യ ബജറ്റില്‍തന്നെ ഇന്ത്യന്‍ സാങ്കേതികവിദ്യാവികസനത്തിന്‍റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന രീതിയില്‍ ഇന്ത്യയില്‍ ലഭ്യമായ യുറേനിയത്തിന്‍റെ ഖനനം തടസപ്പെടുത്താനുള്ള നടപടികളെടുത്തതായും ഡോ. ഗോപാലകൃഷ്ണന്‍ എടുത്തുപറയുന്നു. അദ്ദേഹം അമേരിക്കയിലെ ആണവദുരന്ത മുന്‍കരുതലുകളെ ഇന്ത്യന്‍ സാഹചര്യവുമായി താരതമ്യം ചെയ്യുന്നതും അതിനെ ഭോപ്പാല്‍ ദുരന്തത്തിലെ സര്‍ക്കാര്‍ നിലപാടുമായി ചേര്‍ത്തുവായിക്കുന്നതും ആരെയും തീര്‍ത്തും ഭയപ്പെടുത്തുകതന്നെ ചെയ്യും.
കാരണം ഇനി ആണവനിലയങ്ങള്‍ സ്വകാര്യ മേഘലയിലേക്കാണ്. TATA യും Reliance ഉം ആണവനിലയങ്ങള്‍ക്കായി അപേക്ഷിച്ചു കഴിഞ്ഞു. Reliance ന്‍റെ കോര്‍ ടീം എന്നുപറയുന്നത് വിരമിച്ച ശാസ്ത്രജ്ഞര്‍തന്നെ യാണ്. ഇതിനെ ഒരു ജോലി സാധ്യതയായികാണുന്ന അവര്‍ കരാറിനനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എത്രത്തോളം സാധാരണക്കാരന്‍ അവരെ വിശ്വസിക്കണം. കൂടാതെ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് മുന്‍ഗണന സ്വാഭാവികമായും കിട്ടുമ്പോള്‍ ഭോപ്പാല്‍ ആവര്‍ത്തിക്കുകയില്ല എന്നുറപ്പാക്കാന്‍ നമുക്കു എന്തുചെയ്യാന്‍ കഴിയും? ഔദ്യോഗിക രഹസ്യനിയമത്തിന്‍ കീഴില്‍ സംരക്ഷിതമായ ആണവോര്‍ജ്ജ വകുപ്പ് ഇന്ത്യന്‍ ആണവനിലയങ്ങളില്‍ നടന്നു എന്നു പറയുന്ന 2000 ത്തോളം ചെറുതും വലുതുമായ ആണവ വികിരണ ചോര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിക്കുമ്പോള്‍ വെറുതെ തലയാട്ടി സമ്മതിക്കാന്‍ തോന്നുന്നുണ്ടോ?
ഡോ. എ. ഗോപാലകൃഷ്ണന്‍റെയൊപ്പം ഹോമി ഭാബയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. എ. എന്‍. പ്രസാദിന്‍റെയും പ്രഭാഷണം ഇവിടെ കാണാം.
ഭാഗം-1ഭാഗം-2ഭാഗം-3ഭാഗം-4കൂടാതെ ജസ്റ്റിസ് സാവന്തിന്‍റെ ഒരു പ്രഭാഷണവും
ഭാഗം-1ഭാഗം-2ഭാഗം-3ഭാഗം-4അതായത് കാര്യങ്ങള്‍ കരുതുന്നത്ര സുതാര്യമല്ല എന്നുതന്നെ. ഡോ. ഗോപാല കൃഷ്ണന്‍റെയും വന്ദന ശിവയുടെയും പ്രഭാഷണങ്ങളില്‍ പറയുന്നതുപോലെ അവര്‍ക്ക് ഇവിടെ കടക്കാന്‍ അവസരം നല്‍കിയാല്‍ സംഭവിക്കാന്‍ പോകുന്നത് സാമ്പത്തിക അഴിമതിക്കാരായ ബ്യൂറോക്രാറ്റുകള്‍ വഴിയും ആശയ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ വഴിയും ഒരു ജനതയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുക എന്നതാണ്. അത് തടയാന്‍ സാധിക്കുന്നത് വളരെ യുക്തിഭദ്രമായ ഒരു കരാര്‍ വഴിമാത്രം സഹകരണം ഉറപ്പാക്കുക എന്നതോ അല്ലെങ്കില്‍ കരാര്‍തന്നെ വേണ്ടന്ന് വെയ്ക്കുകയോ ചെയ്യുന്നതിലൂടെയോ മാത്രമാണ്. അല്ലാതെ അനാവശ്യ തിടുക്കം കാണിച്ച് ആശങ്കകള്‍ ദൂരീകരിക്കാതെ ഒരു കരാറില്‍ ഒപ്പുവെക്കുകയാണെങ്കില്‍ ഭാവിയില്‍ നമ്മുടെ ജനതയെ ഒറ്റിക്കൊടുത്തു എന്ന് പഴികേള്‍ക്കാന്‍ ഇടയാക്കും. കൂടാതെ മന്‍മോഹന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ രഹസ്യമായി അനേകം പരിപാടികള്‍ ആശാന്‍ ചെയ്തതായികാണാം. 1991 ല്‍ IMF മായി ധനമന്ത്രിയായ അദ്ദേഹം കരാര്‍ ഒപ്പിട്ടപ്പോള്‍ കരാറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ച ഇടതുപക്ഷത്തിനോ മറ്റാര്‍ക്കുമോ കരാറിന്‍റെ പൂര്‍ണ്ണരൂപം നല്‍കാതെ രഹസ്യമാക്കിവച്ച് അവസാനം CPM ആയിരുന്നു രാജ്യത്തിന് കരാറിന്‍റെ പൂര്‍ണ്ണരൂപം വാഷിങ്ടണില്‍നിന്ന് എത്തിച്ചുതന്നത്. 2005 ജൂണില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ US government മായി 10 വര്‍ഷത്തേക്കുള്ള defence framework agreement ല്‍ ഒപ്പുവെച്ചു. അമേരിക്കന്‍ സായുധസേനയുമായി ചേര്‍ന്ന് ഇന്ത്യന്‍ സായുധ സേനയ്ക്ക് മൂന്നാമതൊരു രാഷ്ട്രത്തില്‍ സംയുക്ത സായുധപ്രവര്‍ത്തനം നടത്താന്‍വരെ നിര്‍ബന്ധിക്കപ്പെടാവുന്ന വകുപ്പുകളുള്ള ആ കരാറിനെകുറിച്ച് ഇന്ത്യന്‍ പാര്‍ളമെന്‍റ് അറിയുന്നത് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോഴാണ്. ഇത്തരത്തില്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ നിലനില്‍ക്കെ മന്‍മേഹന്‍ സിംഗ് പറയുന്നത് വിശ്വാസത്തിലെടുത്ത് സംസാരിക്കുന്നത് വിഢിത്തം മാത്രമേ ആവുകയുള്ളൂ.
എവിടെയും നുഴഞ്ഞുകയറി യാതൊരു ധാര്‍മിക ബോധവുമില്ലാതെ ചൂഷണ പ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിനെ നേരത്തെ പറഞ്ഞ പോലെ നമ്മുടെ നാട്ടിലെ കുത്തഴിഞ്ഞ വ്യവസ്തയെ ചൂഷണം ചെയ്ത് ഇവിടെ എന്തും ചെയ്യാന്‍ സാധിക്കുന്നരീതിയില്‍ വിരാജിക്കുവാന്‍ വിടാതിരിക്കണമെങ്കില്‍ വളരെ നന്നായി തുന്നിയെടുത്ത ആശങ്കാരഹിതമെന്നുറപ്പാക്കാവുന്ന ഒരു കരാറിലൂടെ മാത്രമേ സാധിക്കുകയുള്ളു.
ഈയിടെയായി ദ. കൊറിയയില്‍ മാട്ടിറച്ചി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ പലരും ശ്രദ്ധിച്ചിരുന്നിരിക്കും. അമേരിക്കന്‍ ഐക്യനാടുകളുടെ ഏറ്റവും അടുത്ത സൌഹൃദ രാഷ്ട്രങ്ങളില്‍ ഒന്നാണ് ദക്ഷിണ കൊറിയ. അമേരിക്കയില്‍നിന്ന് കയറ്റിഅയയ്ക്കുന്ന മാട്ടിറച്ചി 'ഭ്രാന്തിപ്പശു' രോഗവിമുക്തമല്ലെന്നു കണ്ട് മുന്‍പ് ഇറക്കുമതി നിര്‍ത്തിവെക്കപ്പെട്ടതായിരുന്നു. 'ഭ്രാന്തിപ്പശു' രോഗനിര്‍ണ്ണയം വളരെ അലസമായാണ് നടത്തുന്നതെന്നും അന്നു കണ്ടെത്തിയിരുന്നു. ഇപ്പോള്‍ അമേരിക്കയെ കൂടുതല്‍ അനുകൂലിക്കുന്ന നിലവിലെ പ്രസിഡന്‍റ് മുപ്പത് മാസം പഴക്കമുള്ള മാട്ടിറച്ചിവരെ ഇറക്കുമതിചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. രോഗ കാരികളായ പ്രോട്ടീനുകള്‍ കൂടുതല്‍ കാണാന്‍ സാധ്യതയുള്ള നട്ടെല്ല്, വാരിയെല്ല് തുടങ്ങിയ ഭാഗങ്ങള്‍ പരമ്പരാഗത ഭക്ഷണമായി കഴിക്കുന്ന കൊറിയന്‍ ജനതയില്‍ 90% മുകളില്‍ വരുന്ന വിഭാഗം ഈ നീക്കത്തെ എതിക്കുന്നു. സ്വതവെ ശാന്തസ്വഭാവക്കാര ജനത തെരുവില്‍ കലാപമുണ്ടാക്കിതുടങ്ങിയപ്പോള്‍ സെക്രട്ടറിമാരെ മാറ്റുക മന്ത്രിമാരെ മാറ്റുക തുടങ്ങിയ ചെപ്പടിവിദ്യകള്‍ക്കപ്പുറം പോകാന്‍ പ്രസിഡന്‍റിന് സാധിക്കുന്നില്ല. കാരണം അത്രത്തോളം അവര്‍ വല്ല്യേട്ടന് വിധേയരായിരിക്കുന്നു. ഒരു പ്രശ്നം പ്രശ്നമായി തിരിച്ചറിഞ്ഞ് 90 ശതമാനത്തോളം ജനത തെരുവുലിറങ്ങുന്നതൊന്നും നമ്മുടെ രാജ്യത്ത് പ്രതീക്ഷിക്കാന്‍ സാധിക്കാത്ത നിലയുള്ളപ്പോള്‍ പിന്നീടുണ്ടാകുന്ന തിരിച്ചറിവുകള്‍ പോലും പ്രയോജനരഹിതമായിരിക്കാം.
(വളരെ കാലങ്ങള്‍ക്ക് മുന്‍പ് The Hindu ന്‍റെ Survey of Environment supplement ആണവ ഊര്‍ജ്ജത്തെകുറിച്ചായിരുന്നു. അതില്‍ വളരെ അധികം ഡാറ്റ ലഭ്യമാണ്. അത് ലഭ്യമായ ആര്‍ക്കെങ്കിലും അതിലെ വിവരങ്ങള്‍ ഇവിടെ പങ്കുവെക്കാന്‍ കഴിയുമെങ്കില്‍ ചര്‍ച്ചകള്‍ കൂടുതല്‍ പൂര്‍ണ്ണമാകും.)